Steamed Snack Recipe : എല്ലാ ദിവസവും വൈകുന്നേരം ചായയോടൊപ്പം എന്തെങ്കിലുമൊക്കെ സ്നാക്കുകൾ ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ കൂടുതലായും എണ്ണയിൽ വറുത്ത പലഹാരങ്ങളായിരിക്കും ഇത്തരത്തിൽ തയ്യാറാക്കുന്നത്. സ്ഥിരമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഉപയോഗിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ല. അത്തരം സാഹചര്യങ്ങളിൽ തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായ സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കപ്പ് അളവിൽ വെള്ളം ഒരു പാനിലേക്ക് ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും, അല്പം വെളിച്ചെണ്ണയും കൂടി ചേർത്തു കൊടുക്കണം. വെള്ളം വെട്ടിതിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് മുക്കാൽ കപ്പ് അളവിൽ റവയും ചില്ലി ഫ്ലേക്സും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. റവയിൽ നിന്നും വെള്ളം പൂർണമായും വറ്റിക്കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അടുത്തതായി നാലു ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് പുഴുങ്ങിയെടുത്ത് മാറ്റിവയ്ക്കുക.
അതിന്റെ ചൂട് ആറി കഴിയുമ്പോൾ തോല് കളഞ്ഞ് വൃത്തിയാക്കി വയ്ക്കാം. ശേഷം ഉരുളക്കിഴങ്ങ് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഉടച്ചെടുക്കുക. അതിലേക്ക് അല്പം ചില്ലി ഫ്ലേക്സ്, കായം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ജീരകം ഉഴുന്നുപരിപ്പ് എന്നിവ വറുത്തെടുത്തത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം നേരത്തെ തയ്യാറാക്കി വെച്ച റവയുടെ കൂട്ട് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ മാവാക്കി എടുക്കുക. അതിനെ കൊഴുക്കട്ടയുടെ രൂപത്തിൽ ചെറിയ ഉരുളകളാക്കി വയ്ക്കണം.
ശേഷം മാവിന്റെ നടു കുഴിച്ച് അതിലേക്ക് തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങിന്റെ കൂട്ടിൽ നിന്നും അല്പം വയ്ക്കാം. മാവ് മസാലയിൽ മുഴുവനായും കവർ ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്തെടുത്ത് ആവി കയറ്റാനായി വയ്ക്കുക. പിന്നീട് ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം എണ്ണ ഒഴിച്ച് അതിൽ മുളകുപൊടി, ഗരം മസാലപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് തയ്യാറാക്കി വെച്ച പലഹാരം വെച്ച് ഒന്ന് ഫ്രൈ ആക്കിയശേഷം സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.